17 April, 2022 09:15:37 PM


കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതൽ; സമരം തുടരുമെന്ന് യൂണിയന്‍



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്‍റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം.


ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയുവും എഐടിയുസിയും വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ബിഎംഎസും വ്യക്തമാക്കി. അംഗീകൃത സംഘടനയായ ഐഎന്‍ടിയുസി യുടെ നേതൃത്വത്തിലുള്ള ടിഡിഎഫും മെയ് ആറിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം നടത്തുമെന്ന് ടിഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K