27 May, 2022 03:05:29 PM


വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു



കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം നൽകി ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വെണ്ണല പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദേശമുണ്ട്.


തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായം കണക്കിലെടുത്തും, ആരോഗ്യ സ്ഥിതിയും മുൻ എംഎൽഎ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം പി സി ജോർജ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു. പാലാരിവട്ടം കേസിൽ ജാമ്യം നൽകി പി സി ജോർജിനെ ബഹുമാനിക്കരുത്. ജാമ്യം നൽകി പുറത്തിറങ്ങിയാൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.


അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പിസി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ. രാത്രിയുറക്കത്തിന് ഓക്സിജൻ മാസ്ക് ജോർജിന് അനുവദിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജില്ലാ ജയിലിൽ നിന്ന് കൂടുതൽ സംവിധാനങ്ങളുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് ഓക്സിജൻ മാസ്ക് അനുവദിച്ചത്. സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് ജോർജ്. ആശുപത്രി ബെഡ്, ഫാൻ , ടേബിൾ, കസേര എന്നിവ ജോർജിനുള്ള മുറിയിലുണ്ട്. രാത്രി ഭക്ഷണം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു.


ആർ പി 5636 എന്നതാണ് സെൻട്രൽ ജയിലിൽ ജോർജിന്‍റെ നമ്പർ. റിമാൻഡിൽ ആയി  ആദ്യം ജില്ലാ ജയിലിൽ എത്തിയ ജോർജിന് ജയിൽ ഭക്ഷണം നൽകി. ഇന്നലത്തെ മെനു  അനുസരിച്ചുള്ള ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തൈര് എന്നിങ്ങനെയായിരുന്നു ഉച്ചഭക്ഷണം. ആർ ബാലകൃഷ്ണപിള്ള, മുൻ ഐജി ലക്ഷ്മണ, എം വി ജയരാജൻ എന്നിവർ കിടന്ന മുറിയിലാണ് പിസി ജോർജ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K