28 May, 2022 09:44:31 AM


മുഖ്യമന്ത്രിക്ക് തന്നോട് കുശുമ്പ് ഉള്ളതുകൊണ്ടാണ് ജയിലിലേക്ക് അയച്ചത് - പി.സി.ജോർജ്



കോട്ടയം: ജയിലിൽ നിന്ന് പുറത്തിറങ്ങി ഉടൻ മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങളോട് പി സി ജോർജ് പ്രതികരിച്ചിരുന്നില്ല. പൂജപ്പുര ജയിലിനു മുൻപിൽ മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചപ്പോൾ എല്ലാം തൃക്കാക്കരയിൽ മറുപടി നൽകുമെന്നായിരുന്നു ജോർജ്ജ് വ്യക്തമാക്കിയത്. ഇതിനുപിന്നാലെ രാത്രി കോട്ടയം തിരുനക്കരയിൽ നടന്ന സ്വീകരണത്തിന് ശേഷവും മുഖ്യമന്ത്രിക്കെതിരെ മറുപടി ഉണ്ടായില്ല. തൃക്കാക്കരയിൽ മറുപടി പറയും എന്നാണ് പിസി ജോർജ് പറഞ്ഞിരുന്നത്. എന്നാൽ രാവിലെ പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയ മാധ്യമപ്രവർത്തകരോട് ആണ് ചുരുക്കം വാക്കുകളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ജോർജ്ജ് പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് തന്നോട് കുശുമ്പ് ആണ് എന്ന് പി സി ജോർജ് പറയുന്നു. തന്റെ വാക്കുകൾ ജനം സ്വീകരിക്കുന്നു എന്നാണ് ജോർജിന്റെ അവകാശവാദം. കുശുമ്പ് ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത് എന്ന് ജോർജ്ജ് ആരോപിച്ചു. കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാൻ പിസി ജോർജ് തയ്യാറായില്ല. പറയാനുള്ളതെല്ലാം തൃക്കാക്കരയിൽ എത്തി നാളെ മറുപടി നൽകുമെന്ന് പിസി ജോർജ് ആവർത്തിച്ചു. എന്നാൽ നിയമം ലംഘിച്ച് ഇല്ല എന്നും ജോർജ് വ്യക്തമാക്കി.

ബിജെപിക്ക് ആയി തൃക്കാക്കരയിൽ പ്രചരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിസി ജോർജ് മറുപടി നൽകി. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടി ആണെന്ന  അഭിപ്രായം തനിക്കില്ല എന്നാണ് പി സി ജോർജ് പറഞ്ഞത്.  ബിജെപിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്നും ജയിലിൽ നിന്നും പുറത്തിറങ്ങി ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയശേഷം പിസി ജോർജ് കൂട്ടിച്ചേർത്തു. അതേസമയം ഒരു മതത്തെയും വിമർശിക്കാൻ താൻ ഇല്ല എന്നും ജോർജ്ജ് കൂട്ടിച്ചേർത്തു.

ജയിൽ മോചിതനായി ഈരാറ്റുപേട്ടയിൽ എത്തിയ പിസി ജോർജ് ജയിൽ വകുപ്പിനെതിരെയും രൂക്ഷവിമർശനം ഉന്നയിക്കുന്നു. പ്രായമായ തടവുപുള്ളികളുടെ അവസ്ഥ ചൂണ്ടികാട്ടി കൊണ്ടാണ് ജോർജ് വിമർശിച്ചത്. പൂജപ്പുരയിൽ ജയിൽ ഉപദേശക സമിതി യോഗം ചേരുന്നില്ല എന്നാണ് പി സി ജോർജ്ജ് ചൂണ്ടിക്കാട്ടുന്നത്. ജയിലിലുള്ള പ്രായമുള്ളവരെ മോചിതനാക്കാൻ  ഗവർണ്ണർ അനുവാദം നൽകാതിരുന്നത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിക്കും ഈ കാര്യത്തിൽ ഇടപെടാൻ ആകില്ല എന്നും പി സി ജോർജ് പറയുന്നു.  രോഗികൾ ജയിലിൽ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. അവരെ അവസാനകാലത്ത് കുടുംബത്തിനൊപ്പം വിടാൻ തയ്യാറാകണമെന്നും ജോർജ് ആവശ്യപ്പെട്ടു. ഇതെല്ലാം സാധിക്കണമെങ്കിൽ ജയിൽ ഉപദേശക സമിതി യോഗം ചേരണം എന്നാണ് ജോർജ് നിർദ്ദേശിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K