06 June, 2022 03:39:59 PM
അമ്മയെ വീട്ടുമുറ്റത്ത് കെട്ടിയിട്ടു മര്‍ദിച്ച് മകള്‍; പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം

കൊല്ലം: പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പത്തനാപുരം സ്വദേശി പാലപ്പള്ളിൽ ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്. സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡംഗം അർഷ മോൾക്കാണ് മർദ്ദനമേറ്റത്. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. നെടുംപറമ്പ് പാക്കണംകാലായിലായിരുന്നു സംഭവം. പഞ്ചായത്ത് അംഗത്തിന്‍റെ അയൽവാസി കൂടിയായ ലീന അമ്മയെ മർദ്ദിച്ചത് വീട് തട്ടിയെടുക്കാനാണെന്നു പറയുന്നു. ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
ഇവരുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം അർഷാമോൾ ഉൾപ്പെടെയുള്ള അയൽവാസികൾ ഇടപെട്ടത്. അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു.
നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയിൽനിന്നും പിടിവിടാതെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാരും പഞ്ചായത്ത് അംഗത്തെ ഭർത്താവും ഉൾപ്പെടെയുള്ളവർ ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കി പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
അമ്മയ്ക്ക് നേരെയുള്ള മകളുടെ പീഡനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മകൾ ലീനയ്ക്കെതിരെയാണ് കേസെടുത്തത്. അമ്മ ലീലാമ്മയുടേയും പഞ്ചായത്ത് അംഗത്തിൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലീന മുൻപും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രാദേശവാസികൾ പറയുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസിൽ ഉൾപ്പെടെ മുൻപും കേസ് നൽകിയിട്ടുള്ളതാണ്.






