10 June, 2022 09:16:18 AM


'ഒന്നാം നമ്പർ ദേഷ്യത്തിലാണ്': ഷാജ് കിരണിന്‍റെ ശബ്ദരേഖക്കായി ആകാംക്ഷയോടെ കേരളം



കൊച്ചി: രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിടും. 3 മണിക്ക് പാലക്കാട് നടക്കുന്ന പത്രസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിടുക. ഇതിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടെയുള്ളേ കേരള സമൂഹം.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി. അതേസമയം ഗൂഢാലോചന ആരോപിച്ച് പൊലീസ് എടുത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് ഇന്നലെ അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങൾ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കിയിരുന്നു. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ. അജിത് കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.

തന്റെ ഫോൺ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാർ ഷാജിന്റെ വാട്സാപ്പിൽ വിളിച്ചത്. തന്നോടു വിലപേശാനും ഒത്തുതീ‍ർപ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. 'ഞാൻ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ്. ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണ്' എന്നു ഷാജ് കിരൺ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K