25 June, 2022 05:48:23 PM


ബഫര്‍ സോണിലെ വില്ലന്‍ പിണറായി; സംഘപരിവാറിന്റെ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തു - വി.ഡി സതീശന്‍കല്‍പറ്റ: സംഘപരിവാറിന്റെ ക്വട്ടേഷന്‍ സി.പി.എം ഏറ്റെടുത്തെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. കല്‍പറ്റ ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഗാന്ധിഘാതകരെ സന്തോഷിപ്പിക്കുകയാണ് സി.പി.എം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തുരത്തണമെന്നത് മോദി സര്‍ക്കാരിന്റെ അജണ്ടയാണ്. സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയനാട്ടില്‍ എത്തിയെങ്കിലും അവര്‍ക്ക് ഈ അജണ്ട ഏറ്റെടുക്കാനുള്ള ശേഷിയില്ല. സംഘപരിവാര്‍ ക്വട്ടേഷന്‍ കേരളത്തിലെ സി.പി.എം ഏറ്റെടുത്തതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് എതിരായ ആക്രമണം. ബഫര്‍ സോണും എസ്.എഫ്.ഐയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

ബഫർ സോൺ വിഷയങ്ങൾ സംബന്ധിച്ച് ജൂണ്‍ 8ന് രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സോണിലെ പ്രദേശികമായ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കത്ത്. എന്നാല്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ സി.പി.എം ജില്ലാ സെക്രട്ടറി ആക്ഷേപിച്ചു. ബഫര്‍ സോണിലെ യഥാര്‍ത്ഥ വില്ലന്‍ പിണറായി വിജയനാണ്. വനത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിക്കാമെന്ന് പിണറായി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചിത്. എന്നിട്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.പി.എം തന്നെ ഹര്‍ത്താല്‍ നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്നത്. എസ്.എഫ്.ഐ അക്രമികള്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെയും ആരോഗ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നിട്ടാണ് ആരും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത്. 

ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ കമ്മിറ്റിയുടെ ജില്ലാ കോ- ഓര്‍ഡിനേറ്ററെ അടുത്തിടെ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ഇവരെല്ലാം ക്രിമിനലുകളും മയക്ക് മരുന്ന് മാഫിയകള്‍ക്ക് കുടപിടിച്ച് കൊടുക്കുന്നവരാണ്. കൊച്ചിയിലെ ഏറ്റവും വലിയ ക്രിമിനലാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ചവിട്ടി നിലത്തിട്ട് പുറത്ത് പറയാന്‍ കൊള്ളാത്ത അശ്ലീലം പറഞ്ഞതും ഈ ക്രിമിനലാണ്. 

സി.പി.എം ഇത്തരം ക്രിമിനലുകളെ എസ്.എഫ്.ഐയുടെയും ഡി..വെ.എഫ്.ഐയുടെയും തലപ്പത്ത് നിയോഗിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K