06 July, 2022 06:15:24 PM


ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം : മന്ത്രി സജി ചെറിയാന്‍ രാജിവച്ചു




തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് രാജി. രാവിലെ രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന്  സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന പ്രസംഗമാണ് വിവാദമായതും ഇപ്പോള്‍ രാജിയില്‍ കലാശിച്ചതും.

ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താനെന്ന് വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും എല്ല മാർഗങ്ങളും ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് സിപിഎം. ഭരണഘടനാ ലക്ഷ്യങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. അതിനെതിരേ സിപിഎം അഭിമാനാർഹമായ പോരാട്ടങ്ങൾ നടത്തി. പ്രസംഗത്തിൽ പറഞ്ഞതു മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ല. ഭരണഘടനയോടുള്ള അവമതിപ്പായി ഇത് വ്യാഖ്യാനിക്കുമെന്നു കരുതിയില്ല. സർക്കാരിന്റെയും മുന്നണിയുടെയും നയങ്ങളെ ദുർബലപ്പെടുത്താൻ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാൻ നേരത്തെ വിശദീകരിച്ചത്. സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ താന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. 'നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്'- സജി ചെറിയാൻ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സജി ചെറിയാന്റെ പരാമർശം വിവാദമായ സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം സാഹചര്യം വിലയിരുത്തി. വിഷയത്തിൽ സർക്കാർ നിയമോപദേശവും തേടിയിരുന്നു. അതേസമയം, മന്ത്രി സജി ചെറിയാനെതിരെ കോടതിയിലും ഹർജി ഫയൽ ചെയ്തിരുന്നു. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി എത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K