07 July, 2022 12:53:20 PM


യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല - മുഖ്യമന്ത്രി



തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാനാണ് പ്രതികളുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ 13നായിരുന്നു മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയർത്തുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഇവരെ തള്ളിയിട്ട ഇ.പി. ജയരാജനെതിരെ കേസെടുത്തിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K