10 July, 2022 02:28:06 PM


സ്കൂട്ടര്‍ അപകടത്തിൽ മരിച്ച ആൾക്കെതിരെ പൊലീസ് കേസ്; പിഴയടക്കാൻ നോട്ടീസ്കണ്ണൂര്‍: സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കനാലിൽ വീണു മരിച്ച യാത്രക്കാരനെതിരെ പോലീസ് കേസടുത്ത് സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമായി. കാവുംചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മയ്യിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കാവുംചാൽ കനാൽ റോഡിൽ മാർച്ച് 8നു സംഭവിച്ച അപകടത്തിൽ മരിച്ച  സി.ഒ.ഭാസ്കരന് എതിരെയാണ് പോലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടായി എന്നാണ് കേസ്. കോടതിയിൽ പിഴ അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞമാസം വീട്ടിൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ കേസ് എടുത്തത് സാധാരണ നടപടി ക്രമം മാത്രമാണ് എന്നാണ് മയ്യിൽ പോലീസിന്റെ നിലപാട്. 

ഇന്ത്യൻ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് ഭാസ്കരന് എതിരായി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു കാണിച്ച് പരേതനായ ഭാസ്കരന്റെ പേരിൽ നോട്ടീസ് കഴിഞ്ഞ മാസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ കേസിനെ പറ്റി  അറിഞ്ഞത്. അപകടമുണ്ടായപ്പോൾ അസ്വാഭാവിക മരണത്തിന് 306(1)(സി) വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ 279-ാം വകുപ്പ് ചേർക്കുകയായിരുന്നു. ഇതോടെ ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം ഭാസ്കരനുമേൽ ചുമത്തപ്പെട്ടു.

കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ പലചരക്ക് കട നടത്തുകയായിരുന്ന ഭാസ്കരൻ. കമ്പിൽ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി കടയിലേക്കു തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പള്ളിപ്പറമ്പ് മുക്കിനടുത്ത് പഴശ്ശി കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നു കനാലിലേക്ക് വീണാണ് അപകടം ഉണ്ടായത്.  സ്കൂൾ വിട്ട് അതുവഴി വന്ന കുട്ടികളാണ് ഭാസ്കരൻ അപകടത്തിൽപ്പെട്ട കാര്യം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ ചേർന്ന് പെട്ടെന്ന് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാസ്കരന്‍റെ മരണത്തെ തുടർന്നുള്ള ദുഃഖാവസ്ഥയിലും കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ട ഗതികേടിലാണ് ഭാര്യ കെ കെ ശൈലജയും വിദ്യാർഥിനികളായ 2 പെൺമക്കളും ഉൾപ്പെടുന്ന കുടുംബം. ഭാസ്കരന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. കുത്തനെയുള്ള കുന്നിറക്കത്തിൽ റോഡിന് കൈവരിയില്ലാത്തത് അപകടമുണ്ടാക്കുമെന്ന കാര്യം നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നു പ്രതിഷേധ ധർണയിൽ പങ്കെടുത്തവർ പറയുന്നു. ഭാസ്കരന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ പൊതു മരാമത്ത് കനാലിന് കൈവരി നിർമിക്കുകയും ചെയ്തു.

അപകടത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ കേസിലും അവലംബിച്ചത് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്‍റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം, ഭാസ്കരന്‍റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടു പോകുമെന്ന് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം സജ്മ  പറഞ്ഞു. അപകടകരമായി വാഹനം ഓടിച്ചുവെന്ന പോലീസ് കേസ് മൂലം കുടുംബത്തിന് ഇൻഷ്യൂറൻസ് തുക ലഭിക്കാത്ത സാഹചര്യമാണെന്ന് സമരത്തിൽ പങ്കെടുത്ത ജന പ്രതിനിധികൾ ചുണ്ടിക്കാട്ടി.

പ്രതിഷേധ ധർണയില്‍ കാവുംചാൽ റോഡ് സംരക്ഷസമിതി ചെയർമാൻ അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം ബാല സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. കാവുചാൽ റോഡ് സംരക്ഷണ സമിതി ട്രഷറർ സുനീഷ് എം, ജോയിന്റ് കൺവീനർ എം.വി.ഷാജി തുടങ്ങി നിരവധി പേർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K