12 July, 2022 01:01:42 PM


സ്വർണക്കടത്ത്: സബ്മിഷനിൽ ക്രമപ്രശ്നവുമായി സ്പീക്കർ; പ്രതിപക്ഷം ഇറങ്ങിപ്പോയി

 

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ സബ്മിഷനിൽ സാങ്കേതിക പ്രശ്നം പറഞ്ഞ് സ്പീക്കർ. കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ വരുന്ന കാര്യം സഭയിൽ പരിഗണിക്കാൻ സാധിക്കില്ലെന്ന് നിയമമന്ത്രി പി. രാജിവ് വ്യക്തമാക്കിയതിനെ തുടർന്നാണ് സബ്മിഷൻ നോട്ടീസിനുള്ള അവതരണാനുമതി സ്പീക്കർ തള്ളിയത്. രൂക്ഷമായ വാദപ്രതിവാദമാണ് സഭയിലുണ്ടായത്. സ്വർണക്കടത്ത് കേസ് ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും സർക്കാരിന് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

വിഷയം സഭയിൽ ചർച്ച ചെയ്യാൻ പറ്റിയില്ലെങ്കിൽ പ്രതിപക്ഷം പുറത്ത് ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സ്വർണക്കള്ളക്കടത്തു കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. യുഎഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു എന്നും അതിന്‍റെ സത്യം പുറത്തുവരുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും സഭയിൽ എത്തിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K