28 July, 2022 02:59:34 PM


ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സഹജാനന്ദ സമാധിയായി



വര്‍ക്കല: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും സീനിയര്‍ സന്യാസിയുമായ സ്വാമി സഹജാനന്ദ (82) സമാധിയായി. സമാധി ഇരുത്തല്‍ ഇന്ന് വൈകിട്ട് നാലിന് ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരുടേയും ബ്രഹ്മചാരികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ശിവഗിരി സമാധി പറമ്പില്‍ നടക്കും. കോഴിക്കോട് സ്വദേശിയായിരുന്ന പരമേശ്വരന്‍ 1974 - ലാണ് ശിവഗിരി മഠത്തില്‍ എത്തിയത്. പിന്നാലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ഗീതാനന്ദ സ്വാമിയില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി സഹജാനന്ദയായി.

ശിവഗിരിമഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളായ കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം, ആലുവ അദ്വൈതാശ്രമം, എറണാകുളം  ശ്രീശങ്കരാനന്ദാശ്രമം, തൃപ്പൂണിത്തുറ എരൂര്‍ ശ്രീനരസിംഹാശ്രമം എന്നിവിടങ്ങളില്‍ സെക്രട്ടറിയായും മറ്റും സേവനമനുഷ്ഠിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. പൊതുവെ ശാന്തശീലനും സൗമ്യപ്രകൃതിയുമായിരുന്നു സ്വാമി. തനിക്കാവുന്ന സഹായം മറ്റുളളവര്‍ക്കു ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു.

ഗുരുദേവന്‍റെ നേര്‍ശിഷ്യനും അവസാന മഠാധിപതിയുമായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമിയെ ശുശ്രുഷിക്കുന്നതിലൂടെ തന്‍റെ ഗുരുസേവ പൂര്‍ണ്ണമായും തൃപ്പാദപത്മങ്ങളില്‍ സമര്‍പ്പിച്ചിരുന്നു. കുറെ നാളുകളായി ശിവഗിരിയില്‍ വിശ്രമജീവിതം നയിച്ചുവരവെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സമാധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K