30 October, 2025 01:33:16 PM
പുന്നത്തുറ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഏറ്റുമാനൂര്‍ : കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ സോമശേഖരന്‍ നായര്‍ കെ.യു. (60) ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോമശേഖരനെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 12ന് മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.
കോട്ടയം സ്വദേശിയും ദില്ലിയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളുമായ ഒരു സുഹൃത്തിന് സോമശേഖരൻനായർ ഇടനിലക്കാരനായി 80 ലക്ഷം രൂപയോളം ബ്ലേഡ് പലിശയ്ക്ക് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ പണം തിരികെ നൽകാതെ വന്നതോടെ ബാങ്കിൽ നിന്നും പലരുടെ പേരിൽ വായ്പയെടുത്ത് സോമശേഖരൻ ബ്ലേഡുകാരന് പണം നൽകി. ഈ തുക വാങ്ങിയെടുക്കുന്നതിനായാണത്രേ കഴിഞ്ഞയാഴ്ച സോമശേഖരൻ ദില്ലിയ്ക്ക് പോയത്. ഇദ്ദേഹം ആശുപത്രിയിലാണെന്ന് ദില്ലിയിലെ സുഹൃത്താണ് വിളിച്ചറിയിച്ചതെങ്കിലും സംസാരത്തിൽ ഒരു അസ്വഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.




