24 November, 2025 02:16:03 PM
ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.
1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.
1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ഫിലിംഫെയർ നടനെ ആദരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു.




