31 July, 2022 04:50:46 PM


മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ ആർ. ഗോപീകൃഷ്ണൻ അന്തരിച്ചുകോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയർന്ന തസ്തികളിൽ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഗോപികൃഷ്ണൻ തയ്യാറാക്കിയിട്ടുണ്ട്.


മാധ്യമപ്രവർത്തന മികവിന് കെ.സി.സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ  ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻ.എസ്.എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  


വൈസ് മെന്‍സ് ഇന്‍റര്‍നാഷണലിലൂടെ സാമൂഹ്യസേവനരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം വൈസ് മെന്‍സ് ക്ലബ് പ്രസിഡന്‍റായും ഡിസ്ട്രിക്ട്, റീജിയന്‍, ഇന്ത്യാ ഏരിയാ തലങ്ങളില്‍ വിവിധ പദവികളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ലീലാ ഗോപീകൃഷ്ണ (വൈസ് മെനറ്റ്സ് ഇന്ത്യാ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍). മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ). മൃതദേഹം തെള്ളകം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.


ഗോപി കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു. Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K