07 August, 2022 01:53:14 PM
'ഫോൺ അലർജിയുള്ള മന്ത്രി, വകുപ്പിനെ നിയന്ത്രിക്കാൻ കഴിവില്ല'; മന്ത്രി വീണക്കെതിരെ സിപിഐ

പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി. ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്‍റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ ഉയര്‍ത്തുന്ന വിമര്‍ശനം. 
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത്  മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. കെ യു ജനീഷ് കുമാർ എംഎൽഎ ക്കെതിരെയും സമ്മേളനത്തിൽ  വിമർശനം ഉയര്‍ന്നു. ജനീഷ് കുമാറിനു സിപിഐയോട് പുച്ഛമാണെന്നും  എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നുമാണ് സമ്മേളനത്തിലെ വിലയിരുത്തൽ. 
                     
                                


 
                                        



