14 August, 2022 01:47:11 AM


'തുറന്ന സ്ഥലത്ത് കിടക്കുന്ന വസ്തു അല്ല ശിവസേന'; ഷിന്‍ഡെയ്‌ക്ക് എതിരെ ഉദ്ധവ് താക്കറെ



മുംബൈ: ശിവസേന പാര്‍ട്ടി തുറന്ന സ്ഥലത്ത് കിടക്കുന്ന ഒരു വസ്തുവല്ലെന്ന പരാമര്‍ശവുമായി ഉദ്ധവ് താക്കറെ. പാര്‍ട്ടി അതിന്റെ പാരമ്പര്യത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്ന ആര്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെ വിഭാഗവും വിമതരും തമ്മിലുള്ള ശീതയുദ്ധത്തിനിടെയാണ് ശിവസേന തലവന്‍റെ പ്രതികരണം.

'ശിവസേന തുറന്ന് കിടക്കുന്ന ഒരു വസ്തുവാണെന്ന് ചിലര്‍ കരുതുന്നു, അത് എവിടേക്ക് വേണമെങ്കിലും എടുത്ത് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.എന്നാല്‍ ആഴത്തിലുള്ള വേരുകളുള്ളതും ശക്തമായതുമായ പാര്‍ട്ടിയാണ് ശിവസേന എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം ശിവസേന വിമത വിഭാഗത്തിനായി ഓഫീസുകള്‍ രൂപീകരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. മുംബൈയിലെ ദാദറില്‍ കേന്ദ്ര ആസ്ഥാനം നിര്‍മ്മിക്കാനാണ് നീക്കം. മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കത്തിനായാണ് ഓഫീസ് രൂപീകരിക്കുന്നതെന്ന് ഷിന്‍ഡെ വിഭാഗം പ്രതികരിച്ചു.

യഥാര്‍ത്ഥ ശിവസേന ആരുടെത് എന്ന തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ ഓഫീസുകള്‍ തുറക്കാനുള്ള ഷിന്‍ഡെ വിഭാഗത്തിന്‍റെ നീക്കം. സുപ്രിം കോടതിയില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് നടപടി. മുംബൈ ദാദറില്‍ ഉള്ള ശിവസേന ഭവന് സമീപ തന്നെയാണ് വിമത വിഭാഗം കേന്ദ്ര ഓഫീസിനായി സ്ഥലമന്വേഷിക്കുന്നത്.

കൂടാതെ സംസ്ഥാനത്തുടനീളം ശിവസേന ശാഖകള്‍ രൂപീകരിക്കാന്‍ അണികള്‍ക്ക് വിമത നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ താനെ ഒഴികെ മറ്റെല്ലായിടങ്ങളിലും ഓഫീസുകള്‍ താക്കറെ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലാണ്. അതേസമയം സമാന്തര ഓഫീസ് അല്ല തങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നും, മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെക്ക് ജനങളുമായി സമ്പര്‍ക്കം നടത്താന്‍ ഒരു സ്ഥലമാണ് അന്വേഷിക്കുന്നത് എന്നും വിമത നേതാക്കള്‍ പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K