15 August, 2022 07:13:33 PM


'ഖാദി രക്തത്തിൽ അലിഞ്ഞു ചേർന്ന വിശ്വാസം'; മുതിർന്ന ഖാദി തൊഴിലാളികൾക്ക് ആദരംകണ്ണൂർ: 'ഖാദി അതൊരു വിശ്വാസമാണ്, എന്‍റെ രക്തത്തിൽ അലിഞ്ഞു ചേർന്നത്. അത് അങ്ങനെ അടർത്തി മാറ്റാൻ പറ്റില്ല'. 12ാം വയസ്സിൽ നെയ്‌ത്തെന്ന കലയെ നെഞ്ചോട് ചേർത്തതാണ് കുഞ്ഞിമംഗലത്തെ 80 കാരനായ പി വി ഗോപാലൻ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുതിർന്ന ഖാദി തൊഴിലാളികൾക്കുള്ള ആദരവ് ഏറ്റുവാങ്ങിയത് ഗോപാലന് അഭിമാന നിമിഷങ്ങളായായിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സിൽ വീട്ടിലെ കുഴിത്തറിയിലാണ് നെയ്ത്തിന്റെ തുടക്കം. പിന്നെ അതിന്റെ വിശാലമായ ലോകത്തേക്ക് നീണ്ടൊരു യാത്ര തന്നെയായിരുന്നു. അന്ന് തോർത്താണ് പ്രധാനമായും നെയ്തിരുന്നത്.  അരപ്പട്ടിണിയിൽ ആശ്വാസമായതും ഖാദി തന്നെ. 1968ൽ കുഞ്ഞിമംഗലം സബ്‌സെന്ററിൽ നെയ്യാൻ തുടങ്ങി. പിന്നീടുള്ള 36 വർഷം ഖാദി ആയിരുന്നു ജീവിതം. ഖാദി ബെഡ്ഷീറ്റ്, തോർത്ത്, മുണ്ട് തുടങ്ങിയവയെല്ലാം നെയ്‌തെടുത്തു. 20ഓളം പേരാണ് അന്ന് സഹപ്രവർത്തകരായി കൂടെയുണ്ടായത്. വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് ഗോപാലൻ ഇപ്പോൾ.

ഗോപാലനൊപ്പം ഏറ്റവും മുതിർന്ന ഖാദി തൊഴിലാളികളായ കെ വി എൻ കുഞ്ഞമ്പു, എ വി നളിനി, ബാലകൃഷ്ണൻ, ഒ പി കൃഷ്ണൻ, സി വി നാരായണി, പി നാണി, കാർത്യായനി, പി രാജലക്ഷ്മി, വി വല്ലി എന്നിവരെയാണ് ആദരിച്ചത്. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉപഹാരം നൽകി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി.

'അച്ഛനും അമ്മക്കും ഒരു ഖാദി കോടി' ക്യാമ്പയിന്‍റെ ഭാഗമായി മുൻ എംഎൽഎ ടി കെ ബാലന്‍റെ മകൻ അരുൺ, ഭാര്യ സീമ എന്നിവർക്ക് മകൾ അൻവിത ഓണക്കോടി നൽകി. ഖാദി യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയിൽ നിന്നും ആന്തൂർ വനിത വ്യവസായ സഹകരണ സംഘം സൂപ്പർവൈസർ സി ലേഖ, തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജനറൽ മാനേജർ സി എം സന്തോഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി. വളപട്ടണം താജുൽ ഉലും ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജർ കെ ജലീൽ ഹാജി, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ എന്നിവർക്ക് മേയർ അഡ്വ ടി ഒ മോഹനൻ ഉപഹാരം നൽകി.

പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, മലബാർ ഇൻഫർമേഷൻ ടെക്നോളജി പ്രതിനിധി അഡ്വ. ജെയ്സൺ തോമസ്, പി ആർ ഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, പ്രൊജക്ട് ഓഫീസർ ഐ കെ അജിത്ത് കുമാർ, ഫാ.കാക്കാരമറ്റത്തിൽ ജോസഫ്, അരയാക്കണ്ടി സന്തോഷ്. എ കെ അബ്ദുൾ ബാഖി, ഫാ. ജോയ് കുട്ടിയാങ്ങൽ, അബ്ദുൾ റഷീദ് സഖാഫി മെരുവമ്പായി, ടി കെ സുധി, എം പി ഉദയഭാനു, അഡ്വ. പി മഹമ്മൂദ്, ഇ വി ജി നമ്പ്യാർ, കെ കെ രാജൻ, ഇ ബാലൻ, പി കെ സന്തോഷ്, പി ഡി സന്തോഷ്, പി പ്രസാദ്, കെ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K