19 August, 2022 01:31:46 PM


തിരഞ്ഞെടുപ്പ് തോല്‍വി: പാര്‍ട്ടിയുടെയും മുന്നണിയുടെയും പങ്കാളിത്തം പരിശോധിക്കണം - ചെന്നിത്തല



തിരുവനന്തപുരം: 'മതന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്ന രാഷ്ട്രീയതന്ത്രം കേരളത്തെ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മും പിണറായി വിജയനുമാണ് ഇതാദ്യം തുടങ്ങിവെച്ചത്. പിന്നീട് ബിജെപി ഏറ്റെടുത്തു. ഇന്ന് സമുദായങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയിലാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പങ്കാളിത്തം എത്രത്തോളമുണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണ്. 52 സീറ്റുകളില്‍ ചെറുപ്പക്കാരെ നിര്‍ത്തി. രണ്ടു പേരേ ജയിച്ചുള്ളു. ഞങ്ങളുടെ കുറ്റമല്ല. തോല്‍വിയുടെ കാരണങ്ങള്‍ എന്താണെന്നു കണ്ടുപിടിക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എപ്പോഴും കോണ്‍ഗ്രസിനെക്കുറിച്ചുള്ള പരാതി നിന്നവര്‍ തന്നെ വീണ്ടും നില്‍ക്കുന്നു എന്നാണ്. അത് ഇത്തവണ മാറ്റി. സ്ഥാനാര്‍ത്ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ അപാകതകള്‍ ഉണ്ടായിട്ടില്ല എന്നാണ് തന്‍റെ വിലയിരുത്തലെന്നും ചെന്നിത്തല പറ‍ഞ്ഞു. 

കേന്ദ്ര നേതൃത്വം പറഞ്ഞതു ഞങ്ങള്‍ കേട്ടു. ചെറുപ്പക്കാരായ ആളുകള്‍ നിന്നാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ഇതിലെല്ലാം സംഭവിച്ചത് കൊവിഡ് സാഹചര്യമാണ്. ലോകത്തെമ്പാടും കൊവിഡ് കാലത്ത് നല്ല രീതിയില്‍ ചെയ്തവരെ ജനങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. അതില്‍ ട്രംപ് മാത്രമാണ് തോറ്റത്. ബോറിസ് ജോണ്‍സണ്‍ നല്ല രീതിയില്‍ ചെയ്തപ്പോള്‍ അവിടുത്തെ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി ജയിച്ചു. മമതാ ബാനര്‍ജി തിരിച്ചുവന്നു. അസമില്‍ ഭരണത്തുടര്‍ച്ച കിട്ടി. തമിഴ്‌നാട്ടില്‍ നല്ല ഒരു നേതൃത്വമില്ലാത്തതുകൊണ്ടാണ് എഐഎഡിഎംകെ തിരിച്ചുവരാത്തത്. എന്നാലും അപ്രതീക്ഷിതമായ സീറ്റുകള്‍ അവര്‍ക്കു ലഭിച്ചു. അതൊരു ഘടകം തന്നെയാണ്. ആ കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ ആശ്വാസ നടപടികള്‍ തുടര്‍ഭരണത്തിനു സഹായമായി എന്നത് സത്യമാണ്. ചെന്നിത്തല കൂട്ടിചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K