20 August, 2022 03:15:39 PM


'സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യവിരുദ്ധം'; ഗവർണർക്കെതിരെ കേരള സർവകലാശാല



തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി. ഗവർണർ രൂപീകരിച്ച നിലവിലെ സെർച്ച് കമ്മിറ്റി പിൻവലിക്കണം എന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സർവകലാശാല പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആവശ്യം.

യുജിസിയുടെ പ്രതിനിധി, ചാൻസവലര്‍ പ്രതിനിധി എന്നിങ്ങനെ രണ്ടംഗ സെർച്ച് കമ്മിറ്റിയാണ് ഗവർണർ രൂപീകരിച്ചത്. എന്നാൽ ഇതിൽ സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് സർവകലാശാലയുടെ നിയമലംഘനമാണെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയുടെ 1974ലെ നിയമങ്ങളുടെ 10(1)ന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും സെനറ്റ് ചൂണ്ടിക്കാട്ടുന്നു.

സെർച്ച് കമ്മിറ്റിയിൽ കേരള സർവകലാശാലയിലെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രമേയം പാസാക്കിയത്. സിപിഎം പ്രതിനിധിയായ മുതിർന്ന സെനറ്റ് അംഗം ബാബുജാൻ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്. സെനറ്റ് യോഗത്തിൽ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തപ്പോൾ വിസി മൗനം പാലിച്ചു.

"സർവകലാശാല നിയമം അനുസരിച്ച് മൂന്ന് പേരടങ്ങിയ സെർച്ച് കമ്മിറ്റിയെയാണ് നിയമിക്കേണ്ടത്. എന്നാൽ രണ്ടുപേരെ മാത്രം വെച്ചാണ് ചാന്‍സലര്‍ സെർച്ച് കമ്മിറ്റി ഉണ്ടായിക്കിയിരിക്കുന്നത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. രണ്ടുപേർ എന്ന സെർച്ച് കമ്മിറ്റിയില്ല. സർവകലാശാല നിയമത്തിൽ മൂന്ന് പേരാണ്." ബാബുജാൻ മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K