21 August, 2022 01:57:49 PM


'ആസാദി കാശ്മീർ': ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് മാത്യു കുഴൽനാടന്‍റെ കത്ത്



തിരുവനന്തപുരം: ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയിലാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ കെ.ടി ജലീൽ നടത്തിയതെന്ന് കത്തിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടുന്നു.

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കിയ കെ.ടി.ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് മാത്യൂ കുഴൽനാടന്‍റെ ആവശ്യം.

പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം അദ്ദേഹം 13.8.22ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു. എന്നാല്‍ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കാശ്മീര്‍ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ അദ്ദേഹം തയ്യാറായിട്ടില്ലെന്നും ഇത് ഈ വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിക്കുന്നു.

നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ.ടി.ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കുഴൽനാടൻ കത്തിൽ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K