31 August, 2022 08:35:22 AM
സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

മോസ്‌കോ: ശീതയുദ്ധം അവസാനിപ്പിച്ച, സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി അസുഖബാധിതനായിരുന്നു.
ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചിച്ചു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഗോർബച്ചേവിന്റെ വേർപാടിൽ അഗാധമായ ദുഃഖം അറിയിച്ചു. 1999-ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്‌സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാർത്താ ഏജൻസി അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോർബച്ചെവിന് കഴിഞ്ഞിരുന്നു, കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്" 1990-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.