10 September, 2022 10:35:57 PM


ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ രംഗത്ത് വ്യാജചികിത്സയുമായി ദന്തഡോക്ടര്‍മാര്‍

അയോഗ്യരായ ഹെയർ ട്രാൻസ്‌പ്ലാന്‍റ് സർജൻമാർ വിലസുന്നത് വ്യാജ റെഗുലേറ്ററി ബോഡിയുടെ ഫെലോഷിപ്പുമായെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍



കൊച്ചി: വ്യാജ റെഗുലേറ്ററി ബോഡിയുടെ ഫെലോഷിപ്പുമായി അയോഗ്യരായ ഹെയർ ട്രാൻസ്‌പ്ലാന്റ് സർജൻമാർ  കേരളത്തിൽ വിലസുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌. കഷണ്ടി കയറിയ തലയില്‍ മുടി വെച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രീയ നടത്തുന്നവരില്‍ ഏറിയപങ്കും ഈ മേഖലയില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ബിഡിഎസ് മാത്രം യോഗ്യതയുള്ള ദന്തല്‍ ഡോക്ടര്‍മാരെന്നും കണ്ടെത്തൽ. ഡെർമറ്റോളജി, പ്ലാസ്റ്റിക് സർജറി, മാക്സിലോഫേഷ്യൽ, ജനറൽ സർജറി വിഭാഗങ്ങളിൽ വിദഗ്ധയോഗ്യത നേടിയവര്‍ മാത്രം ചെയ്യേണ്ട ചികിത്സയാണത്രേ ഇത്.


ബിഡിഎസ് കഴിഞ്ഞ ചില ഡോക്ടര്‍മാര്‍ ഇത്തരം ശസ്ത്രക്രീയകള്‍ നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഇല്ലാത്ത "മെഡിക്കൽ റെഗുലറ്ററി ബോഡിയുടെ" പേരിലാണ് ഇവരുടെ തട്ടിപ്പ് അരങ്ങേറിവരുന്നതത്രേ. "ഹെയർ ട്രാൻസ്‌പ്ലാന്‍റ് റെഗുലേറ്ററി ബോഡി"യെന്ന് അവകാശപ്പെടുന്ന ചെന്നൈയിലെ ഒരു സംഘടനയാണ് തങ്ങള്‍ക്ക് ഹെയർ ട്രാൻസ്‌പ്ലാന്‍റ് ചെയ്യാനുള്ള ലൈസൻസ് തരപ്പെടുത്തിത്തരുന്നതെന്ന് ഒരു ബിഡിഎസ് ഡോക്ടര്‍ വെളിപ്പെടുത്തുന്നു. 


അതേസമയം, ഈ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ദന്തിസ്റ്റുകൾക്ക് ഹെയർ ട്രാൻസ്‌പ്ലാന്‍റ് ചെയ്യാനുള്ള നിയമപരമായ ലൈസൻസ്  ലഭിക്കില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്. ബിഡിഎസിന്‍റെ പാഠ്യപദ്ധതിയില്‍ ഹെയർ ട്രാൻസ്‌പ്ലാന്‍റ് സംബന്ധിച്ച ഒരു വരിപോലും ഇല്ലെന്നിരിക്കെ ഇവര്‍ എങ്ങിനെ ഈ ചികിത്സ നടത്തുമെന്നാണ് ചോദ്യം. എംബിബിഎസ് പഠിക്കുന്ന ഒരു വിദ്യാര്‍ഥി ഡെര്‍മറ്റോളജിയും മറ്റും പാഠ്യപദ്ധതിയില്‍ ഉൾപ്പെട്ട് പഠിക്കുന്നുണ്ട്. തുടര്‍ന്ന് ഈ മേഖലകളിൽ പലരും സ്പെഷ്യലൈസേഷനും എടുക്കുന്നു. അത്തരക്കാര്‍ മാത്രം ചെയ്യാവുന്ന ചികിത്സയും ശസ്ത്രക്രീയയുമാണ് ഭീമമായ തുക മുടക്കി കൈക്കലാക്കുന്ന "ഫെല്ലോഷിപ്" ഉപയോഗിച്ച് വ്യാജന്മാര്‍ നടത്തിവരുന്നതെന്നും വിദഗ്ധര്‍ പറയുന്നു.


ലൈസന്‍സ് നല്‍കുന്നു എന്ന് ബിഡിഎസ് ഡോക്ടര്‍ വെളിപ്പെടുത്തുന്ന സംഘടനയുടെതായ ഫേസ്ബുക്ക് പേജില്‍ Fellowship in Facial Aesthetics and Cosmetology എന്ന കോഴ്സിന് ചേര്‍ന്ന്  ഓണ്‍ലൈനായും ഓഫ് ലൈനായും  ഹാൻഡ്-ഓൺ-ട്രെയിനിംഗ് ആയും പരിശീലനം നേടാമെന്ന് അറിയിപ്പുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 2.25 ലക്ഷം രൂപയാണ് ഫീസ് ആയി ഇവര്‍ ഇതില്‍ പറയുന്നത്. Botox, Fillers, Blood Derivatives, Threads, Facial peels, Cosmetic lasers എന്നിവയാണ് വിഷയങ്ങള്‍. ഡോക്ടര്‍മാര്‍, സര്‍ജന്മാര്‍, ഡെര്‍മറ്റോളജിസ്റ്റ്, ദന്തല്‍ ഡോക്ടര്‍മാര്‍ ഇവര്‍ക്കൊക്കെ ഇതില്‍ അംഗത്വമെടുക്കാമെന്നും പറയുന്നു. എന്നാല്‍ ബിഡിഎസ് പോലുള്ള പ്രാഥമികകോഴ്സുകളില്‍ ഇതൊന്നും പഠിക്കാത്തവര്‍ക്ക് ഇത്തരം ഫെലോഷിപ്പ് എടുത്ത് ചികിത്സിക്കാനാവില്ല എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ദന്തല്‍ഡോക്ടര്‍മാര്‍ കാര്‍ഡിയോളജി, ഗൈനക്കോളജി തുടങ്ങിയുള്ള മേഖലകളില്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ചികിത്സിച്ചാലുള്ള അവസ്ഥയെന്താകും എന്ന ചോദ്യവുമുയരുന്നു. 

 

അതേസമയം, നിയമപരമായ ലൈസൻസ് ആണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന സംഘടനയുടെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവടെയും വാക്കുകള്‍ അപ്പാടെ വിശ്വസിച്ച് നിരവധി ദന്തിസ്റ്റുകൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട് ചികിത്സ നടത്തി പരാജയപ്പെട്ട ചില ദന്തഡോക്ടർമാർ നിയമനടപടികളിൽ നിന്ന് രക്ഷപെടാനായി നെട്ടോട്ടം ആരംഭിച്ചു. ഡോക്ടർ എന്നവകാശപ്പെടുന്ന ഒരു തമിഴ്നാട് സ്വദേശിയും കൊച്ചിയില്‍ അനധികൃതമായി ഹെയർ ട്രാൻസ്‌പ്ലാന്‍റ് ചെയ്യുന്ന ഒരു ദന്തിസ്റ്റുമാണ് ഈ തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നതെന്നാണ് ആരോപണം. കമ്പനിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനം മാത്രമാണ് എന്നും ഇവർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെയോ മെഡിക്കൽ കൗൺസിലിന്‍റെയോ  അംഗീകാരമില്ലെന്നുമാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.1K