06 October, 2022 06:51:14 PM


ഓഫീസ് വിലാസത്തിൽ കൊറിയറില്‍ മയക്കുമരുന്ന്; വാഹനപരിശോധനയ്ക്കിടെ പിടിവീണു



കണ്ണൂർ: തോട്ടടയിൽ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ എൽ.എസ്.ഡി. സ്റ്റാമ്പും എംഡിഎംഎയും പിടികൂടി. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി മുഹമ്മദ്‌ കെ. ഷാനിലാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 191 എൽ.എസ്.ഡി. സ്റ്റാമ്പും 6.443 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ചെറുകിട വിൽപ്പനക്കാർക്ക് ആവശ്യാനുസരണം മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷാനിൽ.

തലശ്ശേരി - കണ്ണൂർ ദേശീയപാതയിലായിരുന്നു എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കെഎല്‍ 40 എസ് 3693 നമ്പർ റ്റാറ്റാ റ്റിയാഗോ കാറാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചത്. കൊറിയർ വഴിയാണ് പ്രതി മാരക മയക്കുമരുന്നുകൾ ജില്ലയിൽ എത്തിക്കുന്നത് എന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ കൊറിയർ ലഭിക്കുന്നതിനാൽ ആർക്കും പെട്ടെന്ന് സംശയം തോന്നുകയുമില്ല.

ഷാനിലിനെ സംബന്ധിച്ച് എക്സൈസിന് നേരത്തെ തന്നെ ചില രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം ഏർപ്പെടുത്തി. എൻഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ  2 ലക്ഷം  വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ്, എൻ.വി. പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. റിഷാദ് സി.എച്ച്., രജിത്ത് കുമാർ എൻ., എം. സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത്, ഉത്തര മേഖലാ കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും  ഉണ്ടായിരുന്നു. തലശ്ശേരി എസിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K