08 October, 2022 11:59:43 PM


ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ



ചെന്നൈ: ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്നാട് സർക്കാർ. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിഷ്കർഷിക്കുന്നതാണ് പുതിയ നിയമം. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിർമാണം. തമിഴ്നാട് സർക്കാർ പാസാക്കിയ ഓ‍ർഡിനൻസിൽ ഗവർണർ ആർ എൻ രവി ഒപ്പിട്ടതോടെയാണ് ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ വന്നത്.

മദ്രാസ് ഹൈക്കോടതി മുൻ ജ‍‍‍ഡ്ജി കെ.ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തെ നിയന്ത്രിക്കാൻ അണ്ണാ ഡിഎംകെ സർക്കാർ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആൻഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഐഐടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

ഓൺലൈൻ ചൂതാട്ടങ്ങളിൽ പണം നഷ്ടമായി വിദ്യാർത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകൾ ആവർത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓൺലൈൻ റമ്മി പരസ്യങ്ങളിൽ എത്തിയതിനെതിരെയും തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്നു. തുടർന്ന് ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സർക്കാർ പൊതുജനാഭിപ്രായം സ്വരൂപിച്ചു.

വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് റിപ്പോർട്ടായി നൽകി. ഇതുകൂടി പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കിയത്. ഓർഡിനൻസ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓൺലൈൻ കളികളും തമിഴ്നാട്ടിൽ നിരോധിച്ചു. നിയമം ലംഘിച്ചാൽ ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവ്ശിക്ഷ നൽകാം.

ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിക്കും. ഇൻസ്പെക്ടർ ജനറൽ റാങ്കിൽ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ, ഓൺലൈൻ ഗെയിമിംഗ് വിദഗ്ധൻ, മനശാസ്ത്രജ്ഞൻ എന്നിവരും അതോറിറ്റിയിലുണ്ടാകും. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും.‌


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K