19 October, 2022 03:16:30 PM


ഖർഗെ കോൺഗ്രസിനെ നയിക്കും: വന്‍ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂര്‍ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്.

വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. 

രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂര്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ റദ്ദാക്കണമെന്നും തരൂര്‍ ടീം വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആവശ്യപ്പെട്ടു.

'ഞങ്ങള്‍ മധുസൂദനന്‍ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്, ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല' തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് സോസ് പറഞ്ഞു.

അതേ സമയം യുപിയിലെ ക്രമക്കേട് സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അറിയാമെന്നതിന് തങ്ങളുടെ പക്കല്‍ തെളിവില്ലെന്നും തരൂര്‍ മിസ്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് ഇത്തരമൊരു കാര്യം അറിയുമായിരുന്നെങ്കില്‍ ഖാര്‍ഗെ അതിന് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകള്‍, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികകമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്നങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളായി ഇതിന്റെ ചിത്രങ്ങളും തരൂര്‍ ടീം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായി കണക്കാക്കാക്കാന്‍ തങ്ങള്‍ക്കാവില്ല. അതിനാല്‍ ഉത്തര്‍പ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തരൂര്‍ ടീം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K