11 November, 2022 09:17:11 PM


കോട്ടയം മെഡി. കോളജിൽ 25 കോടിയുടെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് - മന്ത്രി വീണാ ജോർജ്

- 35 കോടിയുടെ വികസന പ്രവർത്തനങ്ങൾ നാടിനു സമർപ്പിച്ചു



കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനായി 25 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. പ്രവർത്തികൾ ഏതാനും മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 27.2 കോടി ചെലവഴിച്ച് നിർമിച്ച ഫാർമസി കോളജ് അടക്കമുള്ള 35 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആംബുലൻസിൽ കൊണ്ടുവരുമ്പോൾ തന്നെ ഡോക്ടർമാർക്കു കൺട്രോൾ റൂമിലൂടെ തൽസമയം നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നു മന്ത്രി പറഞ്ഞു. 108 ആംബുലൻസുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെത്തുന്ന ഗുരുതര അവസ്ഥയിലുള്ള രോഗികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭമായ ഗുണനിലവാരം മെച്ചപ്പെടുത്തൽ (ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) പദ്ധതിയുടെ രണ്ടാംഘട്ടമായി ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും മികച്ച കാലഘട്ടമാണിത്. കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളിൽ നവംബർ 15ന് ക്ലാസുകൾ തുടങ്ങും. രണ്ടു പുതിയ മെഡിക്കൽ കോളജുകളിലും 100 സീറ്റുകളിൽ വീതം കുട്ടികൾക്ക് പ്രവേശനം നൽകാനായത് അഭിമാനകരമായ നേട്ടമാണ്. പാരിപ്പള്ളിയിലും മഞ്ചേരിയിലും സർക്കാർ മേഖലയിൽ രണ്ടു നഴ്സിങ് കോളജുകൾ ആരംഭിക്കാനായെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. 

തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഞ്ജു മനോജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ, ജില്ല പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.ജെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ആർ.എം.ഒ. ലിജോ വി. മാത്യൂ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹനൻ, എന്നിവർ പ്രസംഗിച്ചു.

ഏഴുനിലകളിലായി പണി കഴിപ്പിച്ച ഫാർമസി കോളജിനു പുറമേ അത്യാഹിത വിഭാഗത്തിൽ രണ്ടരക്കോടി രൂപ മുടക്കി പൂർത്തീകരിച്ച മൂന്നു മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, കുട്ടികളുടെ ആശുപത്രിയിൽ പണികഴിച്ച 15 ഓക്സിജൻ ബെഡ്, 4 എച്ച്.ഡി.യു., രണ്ട് ഐ.സി.യു, കാർഡിയോളജി വിഭാഗത്തിലെ 4ഡി എക്കോ മെഷീൻ, പോർട്ടബിൾ എക്കോ മെഷീൻ, അഗ്‌നിബാധയിൽ നശിച്ചതിനെത്തുടർന്നു നവീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, ആർപ്പൂക്കര പഞ്ചായത്ത് നിർമിച്ചു നൽകിയ എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റ്, പുതുതായി പണി കഴിപ്പിച്ച മൂന്നു ലിഫ്റ്റുകൾ, അത്യാഹിത വിഭാഗം മൂന്നാം നിലയിലെ 25 ഐ.സി.യു. ബെഡ്, നഴ്സിങ് ഓഫീസിന്റെ നവീകരണം, നവീകരിച്ച ഒ.പി. ഫാർമസി, നവീകരിച്ച കാസ്പ് കൗണ്ടർ, വെരിക്കോസ് വെയ്ൻ ചികിത്സയ്ക്കായുള്ള ലേസർ സർജറി യൂണിറ്റ്, സ്ട്രോക്ക് യൂണിറ്റ്, പാലിയേറ്റീവ് കെയർ യൂണിറ്റ്, റിഹാബിലിറ്റേഷൻ യൂണിറ്റ്, ഗ്രീഫ് കെയർ സർവീസുകൾ, ബയോകെമിസ്ട്രി ലാബിൽ രോഗനിർണയപരിശോധനകൾക്കായി സ്ഥാപിച്ച ഇന്റഗ്രേറ്റഡ് അനലൈസർ-റോഷ് കൊബാസ് പ്യൂവർ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നെഗറ്റീവ് പ്രഷർ ഐ.സി.യു, ഒഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ, ഒ.പി. ബ്ളോക്കിന്റെ നവീകരണം എന്നിവയുടെ നിർമാണ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K