26 July, 2016 11:38:10 AM


ആരോഗ്യം മൗലികാവകാശം; ചികിത്സാ നിഷേധം കുറ്റകരം



ദില്ലി: ആരോഗ്യം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ദേശീയ ആരോഗ്യ നയം ആഗസ്റ്റ് മാസത്തോടെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കത്തെും. പൊതുജനാരോഗ്യത്തിന് ജി.ഡി.പിയുടെ 2.5 ശതമാനം ചെലവിടുക, ചികിത്സാ നിഷേധം കുറ്റകൃത്യമായി കണക്കാക്കുക തുടങ്ങിയ വിപ്ളവകരമായ വ്യവസ്ഥകളാണ് നയത്തില്‍ വിഭാവനം ചെയ്യുന്നത്.


ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്ന കഴിഞ്ഞ സീസണില്‍ രോഗതീവ്രത മാത്രമായിരുന്നില്ല മരണസംഖ്യ പെരുകാന്‍ കാരണമായത്. പനിച്ച് അവശരായിച്ചെന്ന പണമില്ലാത്ത രോഗികളെ ആശുപത്രികള്‍ ആട്ടിപ്പായിച്ചതു മുലമുണ്ടായതുള്‍പ്പെടെയുള്ള ചികിത്സാ നിഷേധ മരണങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാന്‍ വകയൊരുക്കുന്നതാണ് പുതിയ ആരോഗ്യ നയം


ആരോഗ്യം മൗലികാവകാശമായാല്‍ ചികിത്സ പൗരന്‍െറ മടിശ്ശീല കീറുന്ന ബാധ്യത എന്ന അവസ്ഥക്ക് മാറ്റമുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ക്ളിനിക്കല്‍ സ്ഥാപന ബില്ലിലെ നിയമപരമായ സാധുതകള്‍ ഉപയോഗപ്പെടുത്തി ആരോഗ്യം മൗലികാവകാശമാക്കാനും എല്ലാ പൗരന്മാര്‍ക്കും സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനും ശ്രമിക്കണമെന്നാണ് കരടു നയത്തിലെ വ്യവസ്ഥ.  സൗജന്യ മരുന്നുകളും രോഗനിര്‍ണയവും ചികിത്സയും പൊതു-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുക, മാതൃശിശു മരണ നിരക്ക് കുറക്കുക എന്നിവയും നയത്തിന്‍െറ ഭാഗമാണ്.


ഭക്ഷ്യ-ഒൗഷധ സുരക്ഷാ ബില്‍, മാനസിക ആരോഗ്യ ബില്‍, ഗര്‍ഭചിദ്ര നിയമം, വാടക ഗര്‍ഭധാരണ നിയമം തുടങ്ങിയവയില്‍ പുനര്‍വിചിന്തനവും ഭേദഗതികളും കൊണ്ടുവരാനും നിര്‍ദേശമുണ്ട്. നിലവില്‍ അസം മാത്രമാണ് ആരോഗ്യം മൗലികാവകാശമായി പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനം. ഇവിടെ അടിയന്തര ചികിത്സ ആവശ്യമുള്ള ആളുകള്‍ക്ക് പൊതു-സ്വകാര്യ ആശുപത്രികളില്‍ ഏതു സമയത്തും സൗകര്യമൊരുക്കണമെന്ന് നിയമം മൂലം വ്യവസ്ഥയുണ്ട്.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K