10 March, 2023 10:29:03 AM


സംസ്ഥാനത്തെ താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു; അഞ്ച് ജില്ലകൾ അപകട മേഖലയിൽ



തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു. ചൂടിന്‍റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചത്. താപസൂചിക ഭൂപടത്തിൽ അഞ്ച് ജില്ലകളാണ് അപകട മേഖലയിലുളളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളാണ് അപകട മേഖലയിലുളളത്.


അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുളളത്. ഇത് യഥാർഥ താപനിലയെക്കാൾ കൂടുതലാണ്. ഈ അഞ്ച് ജില്ലകളിൽ ഏറെ നേരം വെയിലത്ത് ജോലി ചെയ്താൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.


സൂര്യാഘാതം ഉറപ്പുളള അതീവ ജാ​ഗ്രത വിഭാ​ഗത്തിൽ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാ​ഗങ്ങൾ. താപസൂചിക പ്രകാരം ഏറെ നേരം വെയിലേറ്റാൽ തളർന്നുപോകുന്ന 40-45 വിഭാ​ഗത്തിലാണ് കേരളത്തിലെ ഭൂരിഭാ​ഗം പ്രദേശങ്ങളും. 30-40 വിഭാ​ഗത്തിലാണ് ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ മിക്ക മേഖലകളും. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. 29 ന് താഴെയാണ് ഇവിടുത്തെ ചൂട്.


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് താപസൂചിക ഭൂപടം തയാറാക്കിയത്. എന്നാൽ ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമാണെന്ന് പറയാനാകില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കി. താപനിലയിലെ നേരിയ വർധനവ് പോലും സ്ഥിതി രൂക്ഷമാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K