21 March, 2023 10:47:53 AM
മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു
കൊച്ചി: മുന്‍ അഡ്വക്കറ്റ് ജനറലും, ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
2011-16 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ഭരണകാലത്ത് ദണ്ഡപാണി, അഡ്വക്കറ്റ് ജനറലായിരുന്നു. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു.
മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തതും അദ്ദേഹമാണ്.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികളായ ഇരുവരും ഒരേ സമയം ഹൈക്കോടതി അഭിഭാഷകരാകുന്നതും ആദ്യമായിട്ടായിരുന്നു. മിട്ടു, മില്ലു എന്നിവരാണ് മക്കൾ.