24 April, 2023 07:42:58 AM


ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു



കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.

തലശ്ശേരി കൊളശ്ശേരിയില്‍ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനനം. കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സര്‍ക്കസില്‍ താത്പര്യം കണ്ടെത്തിയത്. തുടര്‍ന്ന് അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഇതിനിടെ പലചരക്ക്‌ കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന്  തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. 

റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ആറായിരം രൂപയ്ക്കു വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ താരമായി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു.

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K