25 April, 2023 06:31:53 PM


സംസ്ഥാനത്തെ സബ്‌സെന്‍ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കും - മന്ത്രി വീണാ ജോർജ്



കോട്ടയം: ചികിത്സാ സൗകര്യങ്ങൾ വികേന്ദ്രീകൃതമാക്കുന്നതിന്‍റ ഭാഗമായി ആരോഗ്യ സബ് സെന്‍ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്. മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തലത്തിൽ ഇതിനു തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനിൽ ഉൾപ്പെടുത്തി ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം വാഴൂർ ബ്ലോക്കിന്റെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചുപ്രസംഗിക്കുകയായിരുന്നു മന്ത്രി.  

സംസ്ഥാനത്തെ 5414 സബ് സെന്‍ററുകളും ജനകീയ ആരോഗ്യകേന്ദ്രങ്ങളായി മാറാൻ ഒരുങ്ങിയിരിക്കുകയാണ്. ഗർഭിണികൾക്കുള്ള സേവനങ്ങൾ, പ്രതിരോധ മരുന്നുകൾ, വ്യായാമ സൗകര്യം, ജനകീയ ക്ലബുകൾ എന്നിവ ഈ കേന്ദ്രങ്ങളിൽ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1638 കോടി രൂപയാണ് ആശുപത്രികളിലെ ചികിത്സയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൽനിന്നുള്ള 37.5 ലക്ഷം രൂപയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. പുതിയ ഒ.പി കൗണ്ടർ, ഡ്രസ്സിംഗ് റൂം, പ്രീ ചെക്കപ്പ് ഏരിയ കാത്തിരിപ്പ് കേന്ദ്രം, ഫാർമസി, ലാബ്, സ്റ്റോർ, ഒ. പി മുറികൾ, നിരീക്ഷണ മുറികൾ, കാഴ്ച പരിശോധന മുറി തുടങ്ങിയ സൗകര്യങ്ങൾ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്.
 
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ  സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായി. മന്ത്രി വീണാ ജോർജിന് ആശുപത്രി ജീവനക്കാരുടെ ഉപഹാരം മെഡിക്കൽ ഓഫീസർ ഡോ ഡാളി സഖറിയാസ് കൈമാറി.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ കെ.എസ്. റംലാബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ രഞ്ജിനി ബേബി, വാഴൂർ ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ,  ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ശ്രീകല ഹരി, ഗീതാ എസ്. പിള്ള, ലതാ ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, കെ. എസ്. ശ്രീജിത്ത് , ഒ.ടി. സൗമ്യമോൾ, കങ്ങഴ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല കുമാരി കുഞ്ഞമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. അജയ് മോഹൻ, ഇടയരിക്കപ്പുഴ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ഡാളി സഖറിയാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത്, കങ്ങഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സി. വി തോമസുകുട്ടി, സി.ഡി.എസ് ചെയർ പേഴ്‌സൺ പ്രീത ഓമനക്കുട്ടൻ, സി. കെ ജോസഫ്, ഫൈസൽ കാരമല, എ.എം. മാത്യു, ഷെറിൻ സലിം, ഓ.ജെ വർഗീസ്, എൻ.എസ്. വിപിൻ, ഐ. ജി ശ്രീജിത്ത്, നാസർ കങ്ങഴ, എ.എച്ച് ഷിയാസ്, സുരേഷ്. കെ. ഗോപാൽ, അനിയൻ ആറ്റുകുഴി, അബ്ദുൽ കരീം പുളിക്കൽ, മുഹമ്മദ് നവാസ് എന്നിവർ പങ്കെടുത്തു.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K