17 May, 2023 01:02:47 PM
അവകാശത്തർക്കങ്ങൾക്കൊടുവിൽ സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിപദത്തിലേക്ക്
ന്യൂഡൽഹി: അവകാശത്തർക്കങ്ങൾക്കൊടുവിൽ സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിപദത്തിലേക്ക്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഹൈക്കമാൻഡ് വൈകിട്ടോടെ നടത്തും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്തിയേക്കും. അതേ സമയം കർണാടകയിലെ കോൺഗ്രസ് വിജയത്തിന്‍റെ ചുക്കാൻ പിടിച്ച ഡി.കെ. ശിവകുമാർ മന്ത്രിസഭയിലേക്കില്ലെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടാമെന്ന നിർദേശവും ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വാഗ്ദാനവും ഡി.കെ. തള്ളിയെന്നാണ് റിപ്പോർട്ട്.
ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സിദ്ധരാമയ്യ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നത്തിൽ അന്തിമ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്.
കർണാടകയിൽ സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി. ഡി.കെ. യെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.