12 June, 2023 02:31:09 PM


'ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്' എന്ന പ്രസംഗം: ഗണേഷ് കുമാറിന് വക്കീല്‍ നോട്ടീസ്



പത്തനാപുരം: മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തില്‍ പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ബിജെപി നേതാക്കള്‍ വക്കീല്‍ നോട്ടീസയച്ചു. മണ്ഡലം പ്രസിഡന്‍റ് എ.ആര്‍ അരുണ്‍, അഡ്വ.കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ മുഖേനയാണ് നോട്ടീസയച്ചത്.

ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആര്‍എസ്എസ് ആണെന്ന്, കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ ഗണേഷ് കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗാന്ധിവധത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ബിജെപി പ്രാദേശിക നേതാക്കളുടെ ആവശ്യം. നിരുത്തരവാദപരമായി എംഎല്‍എ നടത്തിയ പ്രസ്താവന ആര്‍എസ്എസിന്‍റെയും പ്രവര്‍ത്തകരുടെയും സത്കീര്‍ത്തിക്ക് കോട്ടം തട്ടിച്ചെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പ്രചാരണം വീണ്ടും തുടര്‍ന്നാല്‍ മാനവഷ്ടക്കേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആർ.എസ്.എസിനെതിരെ വ്യാജ ആരോപണമുന്നയിച്ചെന്ന് കുറ്റപ്പെടുത്തി മുൻ മന്ത്രി വി.എസ് സുനിൽകുമാറിന് ബിജെപി നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഗാന്ധി വധത്തിന്‌ പിന്നിൽ ആര്‍.എസ്‌.എസ്‌ ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍  നേരത്തെ രംഗത്തുവന്നിരുന്നു. 2014ല്‍ ഒരു പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ  പരാമര്‍ശത്തിനെതിരെ സംഘ്പരിവാര്‍ നേതാക്കൾ മാനനഷ്ടത്തിന്‌ കേസ്‌ നൽകിയിരുന്നു. ഗാന്ധിവധം നടത്തിയത്‌ ആര്‍.എസ്‌.എസ്‌ ആണെന്ന്‌ പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്‌.എസിലെ ചിലരെന്നാണ്‌ രാഹുല്‍ പറഞ്ഞതെന്നും രാഹുലിന്‌ വേണ്ടി ഹാജരായ കപിൽ സിബല്‍ തിരുത്തിയിരുന്നു.

രാഹുല്‍ ഗാന്ധി ആര്‍.എസ്‌.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജി മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതി നിലവില്‍ പരിഗണനയിലാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K