16 June, 2023 08:24:25 PM


എച്ച്1 എൻ1 ഇൻഫ്ളുവൻസ പനി: കോട്ടയം ജില്ലയിൽ 16 ദിവസത്തിനിടെ 18 രോഗികൾ



കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇപ്പോൾ കണ്ടുവരുന്ന വൈറൽ പനി പലതും എച്ച്1 എൻ1 ഇൻഫ്ളുവൻസ ആകാൻ സാധ്യതയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്1 എൻ1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസിനുമുകളിലുള്ള മുതിർന്നവർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവരിൽ കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം. മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർ പനിബാധിച്ചാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

എച്ച്1 എൻ1 ഇൻഫ്ളുവൻസയ്ക്കു ഫലപ്രദ മരുന്നായ ഒസൾട്ടമാവിർ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല.  

രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് എല്ലാ ഗർഭിണികളെയും ആഴ്ചയിൽ മൂന്നുദിവസം ഫോണിൽ ബന്ധപ്പെട്ടു പനി വിവരം അന്വേഷിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് പനി ബാധിച്ചാൽ ഒസൾട്ടമാവിർ ഗുളിക കൂടി നൽകാൻ എല്ലാ ഡോക്ടർമാർക്കും നിർദ്ദേശം നൽകും. ചികിത്സാ മാർഗനിർദേശങ്ങൾ വിശദീകരിക്കാൻ  ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു വേണ്ട നിർദേശം നൽകുമെന്നും ഡി.എം.ഒ. അറിയിച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും പനി ബാധിതരിൽനിന്നു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒ.യുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര രോഗ നിരീക്ഷണ യോഗം തീരുമാനിച്ചു.

വായുവിലൂടെ പകരും

എച്ച്1എൻ1 ഇൻഫ്ളുവൻസ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. പനിബാധിതർ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും അടിക്കടി സോപ്പുപയോഗിച്ച് കൈ കഴുകാനും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K