20 June, 2023 09:16:39 AM


കൊട്ടാരക്കരയിൽ യുവാവ് ജീവനൊടുക്കിയ സംഭവം; ഓൺലൈൻ മാധ്യമ ഉടമ അറസ്റ്റിൽ



കൊട്ടാരക്കര: രഞ്ജു പൊടിയൻ എന്ന യുവാവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോട്ട് ന്യൂസ് ഓൺ ലൈൻ മാധ്യമ ഉടമയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യ്തു. പട്ടാഴി കോളൂർ മുക്ക് കോളൂർ വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൻ അനിഷ് കുമാർ (36 ) നെയാണ് ആത്‌മഹത്യാ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ജൂൺ 17ന് രാവിലെയാണ് രഞ്ജു എന്ന യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പട്ടാഴിയിലുള്ള സ്പോട്ട് ന്യൂസ് എന്ന ഓൺ ലൈൻ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്ന് രഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദി സ്പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുൻപ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ രഞ്ജു അറിയിച്ചിരുന്നു.

നാലുവർഷം മുമ്പ് മരിച്ച വയോധികന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു പൊടിയൻ വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയിൽ ഓൺലൈൻ വഴി അനീഷ് കുമാർ പ്രചരിപ്പിച്ചിരുന്നു. വയോധികന്‍റെ മരണവുമായി തന്നെ ബന്ധപ്പെടുത്തിയ അനീഷ് കുമാറാണ് മരണത്തിന് ഉത്തരവാദിയെന്ന് രഞ്ജു ആരോപിച്ചിരുന്നു.

രഞ്ജുവിന്‍റെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അനീഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തുകയും ചെയ്തു. അതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ പൊലീസ് അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K