22 June, 2023 04:46:51 PM


അസുഖമുള്ള തെരുവുനായകളെ ദയാവധത്തിനിരയാക്കും- മന്ത്രി എം.ബി. രാജേഷ്



തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.

നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളുടെ സംഘടനകളുടെ യോഗം വിളിക്കും. ഇപ്പോഴത്തെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിനു പ്രവർത്തിക്കാൻ പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ എബിസി കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. അറവ് മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പരിശോധിക്കാൻ നടപടികൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

20 എബിസി കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 25 എണ്ണം ഉടൻ സജ്ജമാകും. ‌മൊബൈൽ എബിസി കേന്ദ്രങ്ങളും തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളില്‍ എബിസി കേന്ദ്രം തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K