22 June, 2023 05:53:53 PM


കണ്ണൂർ സർവകലാശാല; പ്രിയ വർഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു



കണ്ണൂർ: സിപിഎമ്മും സംസ്ഥാന സർക്കാരും നേരിട്ട ഒരു നിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണിത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ആദ്യം പ്രിയയുടെ നിയമനം മരവിപ്പിച്ചത്. പിന്നാലെ, റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നായിരുന്നു വാദം.

ഇതു കണക്കിലെടുത്ത സിംഗിൾ ബെഞ്ച് നിയമനം തടഞ്ഞ് ഉത്തരവിറക്കി. സർവകലാശാലാ മാനദണ്ഡമനുസരിച്ച്, ഗവേഷണ കാലയളവ് അധ്യാപന പരിചയത്തിൽ കണക്കാക്കുമെന്ന പ്രിയയുടെ വാദം കോടതി അന്നു ചെവിക്കൊണ്ടില്ല. കോളെജിൽ കുഴിവെട്ടിയത് അധ്യാപന പരിചയമല്ലെന്ന മട്ടിൽ വാക്കാൽ പരാമർശം വരെ അന്നുണ്ടായിരുന്നു.

ഈ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു പ്രിയ വർഗീസ്. ഹർജി പരിഗണിച്ച കോടതി, ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാമെന്ന സർവകലാശാലാ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിയയുടെ നിയമനം ശരിവയ്ക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

സിപിഎം നേതാവും മുൻ എംപിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കൂടിയായ കെ.കെ. രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ എന്ന വസ്തുത ഉയർത്തിക്കാട്ടി, ഇതു ബന്ധു നിയമനമാണെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു.

തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന  മതില്‍ ഇടിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാധ്യമ വേട്ടയാണ്. അഭിമുഖത്തിന്‍റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചിരുന്നു. ഇൻറർവ്യൂവിൽ പങ്കെടുക്കരുത് എന്ന തരത്തിലെ നീക്കങ്ങൾ നടത്തി. ഇതുമായി ബന്ധപ്പെട്ട വളരെയധികം  ദുഃഖം അനുഭവിക്കേണ്ടി വന്നെന്നും പ്രിയ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K