24 June, 2023 10:28:42 AM


വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സുഹൃത്തിന്‍റെ ചതിയെന്ന് നിഖിൽ; ചോദ്യം ചെയ്യൽ തുടരുന്നു



കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി തന്നെ ചതിച്ചത് സുഹൃത്താണെന്ന് അറസ്റ്റിലായ നിഖിൽ തോമസിന്‍റെ വെളിപ്പെടുത്തൽ. വെള്ളിയാഴ്ച അറസ്റ്റിലായ നിഖിലിനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സർട്ടിഫിക്കറ്റ് കേരള സർവകലാശാലയിൽ നൽകിയാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുറപ്പു നൽകി മുൻ എസ്എഫ് ഐ നേതാവു കൂടിയായ സുഹൃത്താണ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയതെന്നാണ് നിഖിൽ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാളിപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണ്.

ശനിയാഴ്ച ഉച്ചക്ക് ശേഷം നിഖിലിനെ കോടതിയിൽ ഹാദജരാക്കും. വ്യാജ രേഖകൾ നിർമിച്ച നൽകിയത് കൊച്ചിയിലെ സ്ഥാപനത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഒളിവിൽ പോയതിനു ശേഷം കെഎസ്ആർടിസി ബസിലാണ് യാത്രകൾ നടത്തിയിരുന്നതെന്നും കൈയിലെ പണം തീർന്നതിനാൽ‌ കീഴടങ്ങാൻ തീരുമാനിച്ചിരുന്നതായും നിഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നിഖിൽ പൊലീസിന്‍റെ പിടിയിലായത്. നിഖിൽ കൊട്ടാരക്കരയിലേക്ക് പോകാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ലോക്കൽ പൊലീസിനെയും കെഎസ് ആർടിസിയെയും അറിയിക്കാതെയുള്ള രഹസ്യനീക്കത്തിലൂടെയാണ് കായംകുളം പൊലീസ് നിഖിലിനെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K