30 June, 2023 11:49:22 AM


നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഏജൻസി ഉടമ അറസ്റ്റിൽ



ആലപ്പുഴ: കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിനായി ഛത്തീസ്ഗഡിനെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഏജൻസി തട്ടിപ്പുകാരൻ അറസ്റ്റിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്.

ഏജൻസി മുഖേനയാണ് മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിഖിലിന് എത്തിച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഏജൻസി ഉടമ പിടിയിലായത്.

അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതിയായ നിഖിലിന്‍റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിൻ സി. രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

രണ്ടു ലക്ഷത്തോളം രൂപയാണ് സർട്ടിഫിക്കറ്റിനും മറ്റ് രേഖകൾക്കുമായി നിഖിൽ നൽകിയത്. ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഏജൻസി നൽകിയത്. ഏജൻസി ഉടമയെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ നിഖിലിന് പുറമേ ആർക്കെല്ലാം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന കാര്യത്തിൽ വ്യക്തത വരൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K