01 July, 2023 12:46:29 PM


കഞ്ചാവുണ്ടെന്ന് ആരോപിച്ച് യുവാവിനെ വിവസ്ത്രനാക്കി മർദിച്ച പൊലീസുകാർക്കെതിരെ കേസ്



കൊല്ലം: കഞ്ചാവുണ്ടെന്ന് ആരോപിച്ച് ടോൾ പ്ലാസാ ജീവനക്കാരനെ നടുറോഡിൽ വിവസ്ത്രനാക്കി മർദിച്ച പൊലീസുകാർക്കെതിരെ കേസ്. ടോൾ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാൻസിസിനെ (24) ആണ് പൊലീസ് ക്രൂരമായി മർദിച്ചത്. 

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ചാണ് യുവാവിനെ ഡ്യൂട്ടിയിൽ അല്ലാതിരുന്ന പൊലീസുകാർ നടുറോഡിൽ വിവസ്ത്രനാക്കി മർദ്ദിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ 26ന് അർദ്ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം നടന്നത്. 

കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റൽ പൊലീസ് സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവും ചേർന്ന് ഫെലിക്സ് ഫ്രാൻസിസിനെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. കുരീപ്പുഴ ടോൾ പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കഞ്ചാവ് ഉണ്ടെന്ന് പറഞ്ഞ് യുവാവിന്‍റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.

അടുത്തിടെ റോഡപകടത്തിൽ ഫെലിക്സിനെ ഗുരുതരമായി പരിക്കേറ്റിരുന്നു. നീണ്ട ആശുപത്രിവാസത്തിനും വിശ്രമത്തിനുംശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് പൊലീസുകാരുടെ അതിക്രമം ഉണ്ടായത്.

പൊലീസ് മർദ്ദനത്തെക്കുറിച്ച് ഫെലിക്സ്, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്ന് യുവാവ് വ്യക്തമാക്കി. പൊലീസുകാർക്കെതിരായ നടപടി വൈകുന്നതിൽ ഫെലിക്സിനും കുടുംബത്തിനും പരാതിയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K