01 July, 2023 05:16:34 PM


മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്



കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി. കിഴക്കുംഭാഗം സ്വദേശി വാമദേവന്‍റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുന്നേയാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്റ്റാഫ് നഴ്സ് ഉമ, ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ശ്വാസകോശ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാമദേവൻ ഇന്നലെയാണ് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ പത്തിന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകളിലേക്ക് കടക്കുന്ന സമയത്താണ് മൃതദേഹം വാമദേവന്‍റേതല്ലെന്ന് സഹോദരി തിരിച്ചറിഞ്ഞത്. നാല് പേരാണ് മൃതദേഹം ഏറ്റുവാങ്ങാനായി മോർച്ചറിയിൽ എത്തിയത്. ഇവർ കണ്ട ശേഷം മൃതദേഹം ക്ലീൻ ചെയ്യാനായി മാറ്റി.

ഫ്രീസർ ബോക്സിൽ രേഖപ്പെടുത്തിയ പേര്, ഏറ്റുവാങ്ങാൻ വന്നവർ ശ്രദ്ധിച്ചില്ല. മൃതദേഹം ഏറ്റുവാങ്ങി രജിസ്റ്ററിൽ ഒപ്പിട്ടിട്ടുമില്ല. വിവാദമായതോടെ, അന്വേഷിച്ച് നടപടി ഉണ്ടാകും എന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ധനൂജ വി. എ യുടെ പ്രതികരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K