11 July, 2023 07:02:45 PM


കുതിരാന്‍ തുരങ്കത്തിന് സമീപം ദേശീയപാതയില്‍ വീണ്ടും വിള്ളൽ



തൃശൂർ:  ദേശീയപാത കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വീണ്ടും വിള്ളൽ. നേരത്തെ വിള്ളൽ കണ്ടെത്തിയ ഭാഗത്തിന് നേരെ എതിര്‍വശത്തെ പാതയിലെ സംരക്ഷണ ഭിത്തിയിലാണ് വിള്ളൽ കണ്ടെത്തിയത്. ആളുകളറിഞ്ഞ് സ്ഥലത്തെത്തും മുമ്പേ ജീവനക്കാര്‍ സിമന്‍റ് മിശ്രിതം ഒഴിച്ച് വിള്ളല്‍  അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ - പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്. 

നേരത്തെ തൃശ്ശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്നായിരുന്നു സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം നിയന്ത്രിച്ചത്. ഇപ്പോള്‍ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാരും യാത്രികരും. 

വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമങ്ങളും എത്തുന്നതിന് മുമ്പെ സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളൽ വീണ ഭാഗം  ജീവനക്കാര്‍  അടച്ചു. ഇന്നലെ കണ്ട സംരക്ഷണ ഭിത്തിയിലെ വിള്ളൽ മഴ ശക്തമായതോടെ ഇന്നേക്ക് വലുതാകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മന്ത്രി കെ.രാജന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാല് മാസത്തിനകം തൃശ്ശൂര്‍ ഭാഗത്തെ റോഡ് പൊളിച്ച് പുതിയതായി പണിയണമെന്നും കരാർ കമ്പനിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടെ പണികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ എതിര്‍ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ കണ്ടെത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K