12 July, 2023 11:29:15 AM


ആംബുലൻസ് വൈകി രോഗി മരിച്ച സംഭവം: നടപടിയെടുക്കാന്‍ മന്ത്രിയുടെ നിർദേശം



കൊച്ചി: എറണാകുളം വടക്കന്‍‌ പറവൂരിൽ ആംബുലന്‍സ് വൈകിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ നടപടിയെടുക്കാന്‍ നിർദേശം നൽകി മന്ത്രി വീണാ ജോർജ്.

പണം മുന്‍കൂട്ടി നൽകാത്തതിന്‍റെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍‌ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാനാണ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ വിധേയമായി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, രോഗി മരിച്ചതിൽ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവർ ആന്‍റണി രംഗത്തെത്തി. പണം മുന്‍കൂർ നൽകിയാലേ ആംബുലന്‍സ് എടുക്കൂ എന്ന് താന്‍ നിർബന്ധം പിടിച്ചിട്ടിലെന്നും മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം കാത്ത് നിൽക്കുകയാണുണ്ടായതെന്നും ആന്‍റണി പറയുന്നു. ഇതുമൂലമാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്നും വിശദീകരണം.

വടക്കൻ പറവൂർ സ്വദേശിയായ അസ്നയാണ് പനി ബാധിച്ച് മരിച്ചത്. പനി കൂടിയതിനെത്തുടർന്ന് വടക്കൻ പറവൂർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചെങ്കിലും മുൻകൂർ ആവശ്യപ്പെട്ട പണം നൽകാൻ ഇല്ലാത്തതിനാൽ ആംബുലൻസ് വൈകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആന്‍റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രോഗിയെ കൊണ്ടു പോകുന്നതിനായി 900 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. 

എന്നാൽ അസ്നയുടെ കൈവശം 700 രൂപയേ ഉണ്ടായിരുന്നുള്ളൂ. പണം പിന്നീടെത്തിക്കാം എന്നു പറഞ്ഞതും ഇയാൾ സമ്മതിച്ചില്ല. ഈ സമയം കൊണ്ട് രോഗിയുടെ നില അവശമായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് പിന്നീട് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K