17 July, 2023 11:39:53 AM


'ഇനി ഹോംവർക്കില്ല, പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടില്ല' - ഗണേഷ്‌കുമാർ എംഎൽഎ



കൊല്ലം: താൻ മാനേജരായ സ്കൂളിൽ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കൊണ്ടുവരുമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് നൽകില്ലെന്നും അവർ കളിച്ചുവളരണമെന്നും വീട്ടിൽപോയാൽ അവർ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണമെന്നും ഗണേഷ്‌കുമാർ എംഎൽഎ പറഞ്ഞു.

കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ വാക്കുകൾ. ഇത് ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന്‍റെ തുടക്കമാകുമെന്നും ഭാവിയിൽ മുകളിലേക്കുള്ള ക്ലാസ്സുകളിലും ഈ രീതി വ്യാപിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

"ഞാൻ ഇന്നലെ ഒരു തീരുമാനമെടുത്തു. ഞാൻ മാനേജരായ സ്കൂളിൽ ഇനി എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെ ഹോം വർക്കുകളില്ല. പുസ്തകങ്ങളും വീട്ടിൽ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്‍റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണ്." – എംഎൽഎ പറഞ്ഞു.

''നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം, ടിവി കാണണം, അച്ഛന്‍റെയും അമ്മയുടെയും നെഞ്ചോടു ചേർന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്കൂളിൽ വരണം. ഇനിമുതൽ സ്കൂളിൽ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങൾക്ക് ഹോംവർക്കില്ല. പുസ്തകം തന്നെ വീട്ടിൽ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്. കാരണം അവർ വീട്ടിൽ വന്നാൽ അച്ഛന്‍റെയും അമ്മയുടെയും സ്നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അത് കിട്ടാൻ പോകുന്നത്? 90 വയസ്സാകുമ്പോഴോ? പെൻഷൻ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ പോകുന്നത്?'

''ഈ കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്പോൾ അവര് നമ്മെ വൃദ്ധസദനങ്ങളിൽ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് എന്‍റെ ഈ തീരുമാനം. മറ്റുള്ളവരോടു പറ‍ഞ്ഞാൽ അവർ കേൾക്കില്ല. കേരള സർക്കാരിന്‍റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്‍റെ സ്കൂളിൽ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി ഹോംവർക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവൻ സ്കൂളിലിരുത്തി പഠിപ്പിക്കും.'

''ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ അധ്യാപകന് വർഷം 1000 മണിക്കൂർ കിട്ടും. അതു പോരേ? 200 ദിവസം 5 മണിക്കൂർ വച്ച് ആകെ 1000 മണിക്കൂർ മതി ഒന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാൻ. ആ ആയിരം മണിക്കൂറിൽ കണക്ക് പഠിപ്പിക്കുക, അതിന്‍റെ വർക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടിൽ വിടുക. അവർ വീട്ടിൽ ചെന്ന് കളിക്കട്ടെ, ടിവി കാണട്ടെ, മൊബൈലിൽ കളിക്കട്ടെ. അച്ഛന്‍റെയും അമ്മയുടെയും കൂടെ ഇരിക്കട്ടെ. അതിന് കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാൻ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങിൽ ടീച്ചർമാർക്ക് നിർദ്ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയിൽ അഞ്ചിലും ആറിലും ഏഴിലും ഞാൻ ഇതു നടപ്പാക്കും. ഇതിന്‍റെ വ്യത്യാസം എന്താണെന്ന് നിങ്ങൾ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.' – ഗണേഷ് കുമാർ എംഎൽഎ കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K