18 July, 2023 06:12:32 AM


കീറല്‍ വീണ ഖദറിന്‍റെ ആര്‍ഭാട രാഹിത്യം: പുതുപ്പള്ളിയുടെ 'കുഞ്ഞൂഞ്ഞ്' ഇനി ഓര്‍മ്മകളില്‍



കോട്ടയം : തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതി. രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്മനാടായ പുതുപ്പളളിയും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയത്. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്‍റെ ആര്‍ഭാടരാഹിത്യം ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്‍റെ ആരാധനാപാത്രമാക്കി. 

അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും  പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു  ഉമ്മന്‍ചാണ്ടിയും പുതുപ്പളളിയും തമ്മിലുണ്ടായിരുന്നത്. പുതുപ്പളളി എംഎല്‍എയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പളളി ഹൗസ് തുറന്ന് ഉമ്മന്‍ചാണ്ടി ജന്‍മനാടിനെ കൂടെക്കൂട്ടി. 1970 ല്‍ തനിക്ക്  ആദ്യമായി വോട്ടു ചെയ്ത പുതുപ്പളളിക്കാരുടെ  മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ  മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിന്‍റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറ.

ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്‍റെ മറുപേരായിരുന്നു പുതുപ്പളളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വളളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും അന്നൊരു പരിഹാരം കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്‍റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും.  പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.


പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം  ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയമായി വേട്ടയാടിയവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പളളി പളളിക്കു മുന്നില്‍ ഏകനായി പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരുന്നു ആരാധകരുടെ  മറുപടി. ഒരിക്കല്‍ കൂടി കുഞ്ഞൂഞ്ഞ് പുതുപ്പളളിയിലേക്കു വരും. കാരോട്ട് വളളക്കാലിലെ വീട്ടില്‍ തന്നെ കാണാന്‍ കൂടി നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ  സ്നേഹമറിയും. പിന്നെ തിരിച്ചു പോകും. ഒരിക്കലും തിരിച്ചുവരാനാകാത്ത മറ്റൊരു ലോകത്തേക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K