29 July, 2023 05:03:16 PM


കോട്ടയം ജില്ലയിൽ ഡെങ്കിപ്പനിക്കെതിരായ കർമ്മപരിപാടിക്കു തുടക്കം



കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടം നടപ്പാക്കുന്ന 'ചിരട്ട' കർമ്മപരിപാടിക്ക് തുടക്കം. ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കർമ്മപരിപാടിയുടെ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം നിർവഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ജൂലൈ 29 മുതൽ ഓഗസ്റ്റ് 27 വരെയാണ് പരിപാടി സംഘടിപ്പിക്കുക.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫീസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കം ചെയ്ത് അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യുന്നതാണ് കർമപരിപാടി. ഇതിനായി കോട്ടയം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി.)യുടെ നേതൃത്വത്തിൽ കോട്ടയം ചലഞ്ച്  എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. പരിപാടിയിൽ മികച്ചനിലയിൽ പങ്കാളികളാകുന്ന വിദ്യാലയങ്ങൾ, കടകൾ, ഓഫീസുകൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവയ്ക്ക് ജില്ലാതലത്തിൽ പുരസ്‌കാരങ്ങൾ നൽകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൊതുകിന്റെ ഉറവിടങ്ങൾ ഒഴിവാക്കുന്നതിനായി വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ കോട്ടയം ചലഞ്ച് എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയാണ് അയയ്ക്കേണ്ടത്. അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ഫോൺ നമ്പർ അഥവാ ഇ മെയിൽ വിലാസം നൽകി രജിസ്റ്റർ ചെയ്ത് ഫോട്ടോകൾ അപ് ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ തദ്ദേശസ്ഥാപനവും വാർഡും കൃത്യമായി തെരഞ്ഞെടുക്കണം. വിദ്യാലയങ്ങൾ, ഓഫീസുകൾ/ കടകൾ എന്നിവ അവരുടെ മേൽവിലാസം കൃത്യമായി രേഖപ്പെടുത്തണം.

കൊതുകിന്റെ ഉറവിടങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപും അതിനുശേഷവുമുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്. സ്‌കൂളുകളിൽ വെള്ളിയാഴ്ചയും ഓഫീസുകൾ, കടകൾ, തോട്ടങ്ങൾ എന്നിവയിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും കൊതുക് ഉറവിടങ്ങൾ നീക്കം ചെയ്ത് ഫോട്ടോകൾ അയയ്ക്കാം. ഇന്നലെ(ജൂലൈ 29, ശനിയാഴ്ച) സ്‌കൂളുകളിലും മറ്റിടങ്ങളിലും കൊതുക് ഉറവിടനശീകരണ പരിപാടികൾ സംഘടിപ്പിച്ചതിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യാം. 

അഞ്ചാഴ്ചയിലും കൃത്യമായി പ്രവർത്തനം നടത്തി ഫോട്ടോ അയയ്ക്കുന്നവരിൽ നിന്ന് മികച്ചവരെ കണ്ടെത്തിയാണ് പുരസ്‌കാരം നൽകുക. അവാർഡ് നിർണയിക്കുന്നതിനു മുൻപ് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവയിൽ പ്രവർത്തനം നടന്നുവെന്ന് ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്  ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിരീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K