30 July, 2023 07:47:18 PM


സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർധരാത്രിയോടെ അവസാനിക്കും



കൊച്ചി: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. ഇതോടെ വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാനുള്ള വിലക്ക് നീങ്ങും. വറുതിയുടെ നാളുകൾ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ചാകരക്കോളിനു വേണ്ടി.

അതേസമയം മഴകുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. മഴ കുറഞ്ഞതും ആഴക്കടൽ തണുക്കാതിരിക്കുന്നതും മത്സ്യലഭ്യതയെ ബാധിച്ചേക്കാo.സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് മുമ്പ് മൽസ്യലഭ്യത വലിയ തോതിൽ കുറഞ്ഞത് ഇതിന്‍റെ സൂചനയാണ്.

ഇത്തവണ ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മഴ കുറഞ്ഞതും തീരക്കടൽ തണുക്കാതിരുന്നതുമാണ് വള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് തിരിച്ചടിയായത്.

ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്ത്തിൽ ചാകര വലനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികൾ. എല്ലാത്തവണത്തെയും പോലെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയും കൂടുതലായി ലഭിക്കുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച അർദ്ധരാത്രിയിൽ കടലിൽ പോകുന്ന 36 അടി നീളമുള്ള നാടൻ ബോട്ടുകൾ ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തും. ചെമ്മീൻ ചാകരക്കോളാണ് ഈ ബോട്ടുകളുടെ പ്രതീക്ഷ. കൂടുതൽ ആഴക്കടലിലേക്ക് പോയി ദിവസങ്ങളോളം തങ്ങി മൽസ്യബന്ധനം നടത്തുന്നതാണ് വലിയ ബോട്ടുകളുടെ രീതി.

ആദ്യദിനം രാത്രി കടലില്‍ പോകുന്നവയില്‍ 36 അടിവരെ നീളമുള്ള നാടൻ ബോട്ടുകള്‍ ഉച്ചയോടെ മടങ്ങിയെത്തും.ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തീരപ്രദേശത്തെ മൽസ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. 

ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തയാക്കി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നു പൂർത്തിയാക്കും. പഴയ വലകളുടെ കേടുപാടുകള്‍ തീര്‍ത്തു, പുതിയ വലകള്‍ വാങ്ങി. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ചെലവ് 2 മുതല്‍ 5 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K