01 August, 2023 02:53:10 PM


ഡോ. വന്ദനാദാസ് കൊലക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു



കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 

കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ്‌ 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. 

ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്‍റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു.  ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K