02 August, 2023 03:54:53 PM


ആലുവയിലെ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം



തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 10 ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

അതേസമയം, പ്രതി അസ്ഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്നും പരിശോധിക്കും. പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. കസ്റ്റഡിയിലെ ചോദ്യംചെയ്തിന് ശേഷമേ അന്വേഷണസംഘം ബീഹാറിലേക്ക് പോകൂ. ഡിഐജി എ ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസ്ഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ഡല്‍ഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസ്ഫാക് ആലം പിടിയിലായിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K