03 August, 2023 11:34:13 AM


കണ്ണൂരില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്



കണ്ണൂർ: ഒമ്നി വാനിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തി പൊലീസ്. കണ്ണൂർ ജില്ലയിലെ കക്കാടാണ് സംഭവം. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്കൂളിൽ പോകാതിരിക്കാൻവേണ്ടി കുട്ടി മെനഞ്ഞ കള്ളക്കഥയാണിതെന്ന് വ്യക്തമായത്.

ഇന്നലെ രാവിലെ 8.45ഓടെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് നടന്നുപോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതെന്ന് പതിനഞ്ചുകാരി പറഞ്ഞിരുന്നു. കുതറിമാറി ഓടിരക്ഷപെടുകയായിരുന്നുവെന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അറിയിച്ചത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നതെന്ന് പെൺകുട്ടി പറഞ്ഞ കക്കാട്-പള്ളിക്കുന്ന് റോഡിലേക്ക് ഒരു വാഹനവും എത്തിയിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ എല്ലാ സാധ്യതയും പരിശോധിക്കുന്നതിനായി പൊലീസ് വിപുലമായ അന്വേഷണം നടത്തി. 

രാവിലെ എട്ടര മുതൽ 11 മണി വരെയുള്ള സമയത്ത് ഒരു ഒമ്നി വാൻ കക്കാട് നിന്ന് വന്നെങ്കിലും അത് പെൺകുട്ടി പറഞ്ഞതുപോലെ പള്ളിക്കുന്ന് റോഡിലേക്ക് തിരിയാതെ നേരെ പോകുകയായിരുന്നു. ഈ ഒമ്നി ഒരു സ്കൂളിലെ വാഹനമാണെന്നും കണ്ടെത്തി. ഡ്രൈവറുടെ മൊഴി എടുക്കുകയും ചെയ്തു.

ഉച്ചയോടെ പൊലീസ് പെൺകുട്ടിയോട് വീണ്ടും കാര്യങ്ങൾ ചോദിച്ചപ്പോഴാണ് തെറ്റായ കാര്യമാണെന്നും സ്കൂളിൽ പോകാതിരിക്കാനാണ് ഇത്തരമൊരു കഥ പറഞ്ഞതെന്നും പെൺകുട്ടി സമ്മതിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K